വീടിന് മുന്‍പില്‍ നിര്‍ത്തിയില്ലെന്ന് ആരോപിച്ച് ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടിസി ബസിലെ ഡ്രൈവറെ മർദിച്ചതായി പരാതി. സംഭവത്തില്‍ തിരുവമ്പാടി – കക്കാടംപൊയില്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ കക്കാടംപൊയില്‍ സ്വദേശിയായ പ്രകാശന്റെ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു.കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് രണ്ടോടെ കൂടരഞ്ഞി മങ്കയത്ത് വെച്ചായിരുന്നു സംഭവം. മങ്കയം സ്വദേശി എബ്രഹാമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രകാശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എബ്രഹാമിന്റെ വീടിന് മുന്‍പില്‍ ബസ് എത്തിയപ്പോള്‍ ബെല്‍ അടിച്ചെങ്കിലും നിര്‍ത്തിയില്ല എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ബെല്‍ ശബ്ദം കേട്ടെങ്കിലും ഇടുങ്ങിയ റോഡ് ആയതിനാലും എതിര്‍ ദിശയില്‍ നിന്നും വലിയ വാഹനങ്ങള്‍ വന്നതിനാലുമാണ് ബസ് നിർത്താതിരുന്നത്. അല്‍പം മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് പ്രകാശന്‍ പറയുന്നു. എബ്രഹാം തോളില്‍ അടിക്കുകയും ഷര്‍ട്ട് പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഇറങ്ങിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *