
പലസ്തീൻ മുജാഹിദീൻ പ്രസ്ഥാനത്തെയും സായുധ വിഭാഗമായ മുജാഹിദീൻ ബ്രിഗേഡ്‌സിനെയും നയിച്ചിരുന്ന അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ആക്രമണങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു.
ഇസ്രയേലിന്റെ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരൻ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ കുടുംബവീട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് നിയന്ത്രണത്തിലുള്ള അൽ-അഖ്സ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 7-ന് അതിക്രമിച്ചു കയറിയ ഭീകരവാദ നേതാക്കളിൽ ഒരാളായിരുന്നു ഷരിയയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസിനും മറ്റ് പലസ്തീൻ ഭീകരവാദ ഗ്രൂപ്പുകൾക്കുമൊപ്പം മുജാഹിദീൻ ബ്രിഗേഡ്‌സും ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നു. ഗാസ-ഇസ്രയേൽ യുദ്ധത്തിലേക്ക് നയിച്ച ഈ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തു.