വന്യജീവി ആക്രമണങ്ങളുടെ പേരില്‍ മലയോര മേഖലയെ കലാപ ഭൂമിയാക്കുകയല്ല വേണ്ടതെന്നും പകരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരസ്പര സമവായത്തിലൂന്നിയുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വനം വകുപ്പ് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനമഹോത്സവത്തിന്റെ സമാപനവും പൂര്‍ത്തീകരിച്ച ചാലിയം നഗരവനം പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഭൂമിയെ ഹരിതാഭമാക്കി നിലനിര്‍ത്തുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും ശുദ്ധവായുവും ശുദ്ധ ജലവും ലഭ്യമാക്കുന്നതിനും കാടുകളുടെ സംരക്ഷണം അനിവാര്യമാണ്. അത് മുന്‍നിര്‍ത്തിയാണ് വനനിയമങ്ങള്‍ രൂപപ്പെട്ടത്. 1972ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. വന്യജീവി ആക്രമണം വര്‍ധിച്ചു വരുന്ന മാറിയ സാഹചര്യത്തില്‍ 1972 ലുണ്ടാക്കിയ വനസംരക്ഷണ നിയമത്തില്‍ കാതലായ മാറ്റം വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം 30 ശതമാനം പ്രദേശം വനമായി സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ശ്ലാഘനീയമായ ഇടപെടലുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. സ്വന്തം ജീവന്‍ പണയം വച്ചാണ് അവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വനം വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.
കോളേജുകളിലെയും ഹൈസ്‌കൂളുകളിലെയും സോഷ്യല്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ തമ്മില്‍ മത്സരം വേണമെന്നും ഒരോ വര്‍ഷത്തെയും അവരുടെ പ്രവര്‍ത്തനം വിലയിരുത്തി ഏറ്റവും മികച്ച സ്‌കൂളിനും കോളേജിനും അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ശലഭോദ്യാനം, നഗര്‍വാടിക എന്നിവയും ഗുരുവായൂരപ്പന്‍ കോളേജില്‍ ശലഭോദ്യാനം, നക്ഷത്രവനം, നഗരവനം എന്നിവയും ഒരുക്കും. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ ഫാറൂഖ് കോളേജ്, ചേളന്നൂര്‍ എസ്എന്‍ജി കോളേജ് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി റിയാസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള പ്രശ്നങ്ങളും ലോകത്തെയാകെ വലയ്ക്കുന്ന ഇക്കാലത്ത് പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. ചാലിയത്ത് പുരോഗമിച്ചു വരുന്ന നഗരവനം പദ്ധതി നാടിനു മാതൃകയാണെന്നും പ്രദേശത്തിന്റെ വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പുമായി ചേര്‍ന്ന് ടൂറിസം വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള പൂര്‍ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു.
നഗരങ്ങളിലും പരിസരങ്ങളിലും പച്ചപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 7.9 കോടിയിലേറെ രൂപ ചെലവില്‍ ചാലിയത്ത് നടപ്പിലാക്കുന്ന നഗരവനം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് ഉദ്യാനം, തടി ഡിപ്പോ ഓഫീസ്, പുതുതായി നിര്‍മിച്ച ടിക്കറ്റ് കൗണ്ടര്‍, പ്രവേശന കവാടം, മോഡേണ്‍ ടിമ്പര്‍ സ്റ്റോക്ക് യാര്‍ഡ്, കാവ്, ഇക്കോ സ്റ്റഡി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടല്‍, അങ്ങാടി കുരുവികളെ സംരക്ഷിക്കാനായി കുരുവിക്കൊരു കൂട് സ്ഥാപിക്കല്‍, വനമിത്ര പുരസ്‌കാര വിതരണം, വിദ്യാവനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം എന്നിവയും വനം വകുപ്പിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍ എം രചിച്ച ‘ആറ്, പുഴ, നദി’ എന്ന നോവലിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചാലിയം നഗരവനം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഗിഫ്റ്റ് ഷോപ്പ്, ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, വാക്ക് വേ എന്നിവയുടെ നിര്‍മാണം, 400 മീറ്റര്‍ ചെയിന്‍ ലിങ്ക് ഫെന്‍സിംഗ്, 3.5 ഹെക്ടര്‍ സ്ഥലത്ത് ചെടികള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്.
ചാലിയം ഗ്രിഫി ഓഡിറ്റോറിയം, ചാലിയം ഡിപ്പോ പരിസരം എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കോണ്‍സര്‍വറ്റര്‍ ഡി ജയപ്രസാദ്, ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഗംഗാ സിംഗ്, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ ദീപ കെ എസ്, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ ജസ്റ്റിന്‍ മോഹന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.