തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. വി.ഡി. സതീശൻ ഭരിക്കുന്നത് നരേന്ദ്ര മോദിക്കും അദാനിക്കും വേണ്ടിയാണെന്നും യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിലും പുറത്തും അദാനിയുടെ കള്ളക്കച്ചവടങ്ങളെക്കുറിച്ച് വലിയ പ്രസംഗം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ മംഗളൂരു യാത്രയെക്കുറിച്ചും അദാനിയുമായുള്ള പുതിയ ഡീലിനെക്കുറിച്ചും പരസ്യമായി പ്രതികരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‘കേരളം ഭരിക്കുന്നത് ബി.ജെ.പി അല്ല’ എന്ന് ഓർമ്മിപ്പിച്ചത് സത്യത്തിൽ അദാനിയെയല്ല, മറിച്ച് വി.ഡി. സതീശനെ ചൂണ്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. അദാനിയുമായി സി.പി.എമ്മിന് യാതൊരു ഡീലുമില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖം ഏതെങ്കിലും ഒരു കമ്പനിയുടെ മാത്രം കുത്തകയാക്കി മാറ്റാൻ പാടില്ലെന്നും, എല്ലാ കമ്പനികൾക്കും കപ്പലുകളടുപ്പിക്കാൻ സാധിക്കുന്ന വികേന്ദ്രീകൃത സംവിധാനത്തെയാണ് സി.പി.എം പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ കുത്തകവത്കരിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളെ അന്നും ഇന്നും പാർട്ടി എതിർക്കുമെന്നും, വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഉൾപ്പെടെ ഇപ്പോഴത്തെ സർക്കാർ വലിയ ഒളിച്ചുകളിയാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *