തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ പരമ്പരാഗത യൂണിഫോം നിറം മാറ്റി ബിജെപി ഭരണസമിതി. രൂപീകരണക്കാലം മുതൽ സേനാംഗങ്ങൾ ധരിച്ചിരുന്ന പച്ച കോട്ടുകൾക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകളാണ് കോർപ്പറേഷൻ വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ, ഈ അപ്രതീക്ഷിത നിറംമാറ്റത്തിൽ ഹരിതകർമസേനാംഗങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി പുകയുകയാണ്.

2017-ൽ ഹരിതകേരളം മിഷന്‍റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായതുമുതൽ പച്ചനിറത്തിലുള്ള കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. വീടുകൾ തോറുമെത്തി മാലിന്യശേഖരണം നടത്തുന്ന ഇവരെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നതും ഈ പച്ച നിറമായിരുന്നെന്നും നിറം പെട്ടെന്ന് മാറ്റിയതിനോട് പൊരുത്തപ്പെടാനാകില്ലെന്നും ഇവർ പറയുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം കാവിവൽക്കരണമെന്നാണ് ആരോപണം.

കോർപ്പറേഷൻ നൽകിയ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് ഉള്ളത്. തുടക്കത്തിൽ പുത്തൻ യൂണിഫോമിനോട് വിമുഖത കാണിച്ച് പലരും ഇത് കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു. എന്നാൽ അധികാരികളുടെ കർശന നിർദേശത്തെത്തുടർന്ന് ഒടുവിൽ വാങ്ങിയിട്ടുണ്ട്.

യൂണിഫോം കോഡ് നിശ്ചയിച്ചത് കേന്ദ്ര സർക്കാരാണെന്നും അതിനാലാണ് മാറ്റം വരുത്തിയതെന്നും മേയർ പറയുമ്പോൾ മറ്റ് കോർപ്പറേഷനുകളിലൊന്നും തീരുമാനമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

Leave a Reply

Your email address will not be published. Required fields are marked *