കൊച്ചി:ഒഡിഷയില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ സഭ മാത്രമല്ല, ഭരണഘടന കൂടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്.ഇന്ത്യയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ സാധിക്കണം. ആ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.ഭരിക്കുന്ന സര്‍ക്കാറിനാണ് അതിന്റെ ഉത്തരവാദിത്തം.കൃത്യമായ നടപടികള്‍ ഇല്ലാത്തത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നുതായും’ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സഭയും എതിര്‍ക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആണെന്ന് വ്യാഖ്യാനിച്ചു ആക്രമിക്കുന്നതിനെയാണ് എതിര്‍ക്കേണ്ടത്. ബാലസോര്‍ രൂപത മെത്രാനുമായി സംസാരിച്ചിരുന്നു. കുര്‍ബാനയ്ക്കും ജൂബിലി ആഘോഷങ്ങള്‍ക്കുമായാണ് വൈദികര്‍ പോയത്.മതപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമിച്ചത്.വൈദികരെ അക്രമികള്‍ അധിക്ഷേപിക്കുകയും ചെയ്തു’. ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെ നടപടിഎടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *