കാശ്മീരിൽ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന കൊണ്ടിരിക്കെ നാഷണല്‍ കോണ്‍ഫ്രന്‍സ് -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതോടെ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവിനും കളമൊരുങ്ങുകയാണ്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയിരിക്കുന്നത്. മന്ത്രിസഭ രൂപീകരണം മുന്നില്‍ കണ്ടുകൊണ്ട് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കള്‍ സ്വതന്ത്രരുമായുള്ള ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം ഇനി ഒമറിന് മറക്കാം. മത്സരിച്ച മണ്ഡലങ്ങളായ ഗന്ദര്‍ബാലിലും ബദ്ഗാമിലും കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഒമര്‍ വ്യക്തമായ ലീഡ് നേടിയിരിക്കുന്നത്. ഒമറിന്റെ ഈ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും വളരെ നിര്‍ണായകമാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ശപഥം മറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എതിരാളികളുടെ പരിഹാസത്തിന് പുറമെ സ്വന്തം പാര്‍ട്ടിയിലും പൊട്ടലും ചീറ്റലുമുണ്ടായി. എന്നാല്‍, സഹപ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് രണ്ടുമണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് ഒമര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ജയസാധ്യതയില്‍ പിരിമുറുക്കമേറിയപ്പോള്‍ പ്രചരണ വേദികളില്‍ വൈകാരികതയുടെ കാര്‍ഡുകളും ഒമര്‍ പുറത്തെടുത്തിരുന്നു.