തിരുവനന്തപുരം: ശ്രീ നാരായണ ഗുരു സ്വപ്നം കണ്ട കേരളമാണ് സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ശിവഗിരി മഠം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ശിവഗിരി മഠത്തിലെത്തിയ മുഖ്യമന്ത്രിയെ ശിവഗിരി ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാരിൻ്റെ എല്ലാവിധ സഹായവും ഉണ്ടാകും. ശ്രീനാരായണ ഗുരുദർശനം പോലെ എല്ലാവരും സോദരരെ പോലെ കഴിയുന്ന മാതൃകാ സ്ഥാനമാണ് ഈ സർക്കാരിൻ്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദർശനിഷ്ഠ രാഷ്ട്രീയത്തിൻ്റെ നിറകുടമാണ് മുഖ്യമന്ത്രി സതീശൻ എന്ന് കേരള ജനത വിശ്വസിക്കുന്നുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതിമത കക്ഷി ഭേദമന്യേ പ്രവർത്തിക്കാൻ സതീശന് കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു. ദൈവദശകം കേരള പ്രാർത്ഥന ഗാനമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യവിമുക്ത പ്രവർത്തനത്തിൽ സഹായിക്കണമെന്ന അഭ്യർഥന പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *