കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായ സംഭവത്തിൽ പൊലിസിൽ പരാതി നൽകി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ. ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്. കാണാതായതിൽ 80 ശതമാനം സ്വർണം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ടി.ടി വിനോദൻ തിരികെ നൽകിയെന്നും, 160ഗ്രാം കൂടി ഇനി ലഭിക്കാനുണ്ടെന്നും നിലവിലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ദിനേശ് കുമാർ എ എൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസും പ്രതിഷേധവുമായെത്തി.
ക്ഷേത്രം മുൻ എക്സിക്യൂട്ടീവ് ഓഫിസർ വിനോദനോട് സ്വർണവുമായി ഇന്ന് രാവിലെ 11 മണിയ്ക്ക് എത്താനാണ് നിർദേശം നൽകിയത്. എന്നാൽ ഇയാൾ എത്തിയില്ല .സ്വർണ ഉരുപ്പടികൾ കാണാതായിട്ടും ഇതുവരെ ക്ഷേത്രം ഭാരവാഹികൾ പൊലിസിൻ പരാതി നൽകിയിരുന്നില്ല. ഇതിനെതിരായാണ് നിലവിലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ദിനേശ് കുമാർ എ എൻനെ ബി ജെ പി പ്രവർത്തകർ തടഞ്ഞുവച്ചത്.
പിന്നീട് എക്സിക്യൂട്ടീവ് ഓഫിസർ പൊലിസിൽ പരാതി നൽകി. കാണാതായ സ്വർണത്തിൽ 80 % വിനോദൻ തിരിച്ചു നൽകിയെന്നും ബാക്കി എത്തിക്കാമെന്ന് പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നുമാണ് എക്സിക്യൂട്ടീവ് ഓഫിസറുടെ വിശദീകരണം. 2016 മുതൽ 2023 വരെ വിനോദൻ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സമയത്തെ ഉരുപ്പടികളാണ് നഷ്ടമായത്.കോഴിക്കോട് മുക്കം നീലേശ്വരം ശിവക്ഷേത്രത്തിലും സ്വർണം കാണാനില്ലെന്ന് പരാതിയുണ്ട്. മലബാർ ദേവസ്വം ബോർഡിൽ ക്ഷേത്ര പരിപാലക സമിതിയാണ് പരാതി നൽകിയത്. ഈ മാസം നാലാം തിയ്യതി എക്സിക്യൂട്ടീവ് ഓഫിസർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
