മായം ചേര്‍ക്കാത്ത നാടന്‍ ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് എന്ന പേരില്‍ വീടുകളിലെത്തിച്ച് ജീവിത വിജയം കൊയ്ത് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. വിപണനത്തില്‍ ബദല്‍ വികസിപ്പിച്ചെടുത്ത് വിജയകരമായ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഹോം ഷോപ്പ് പദ്ധതിയിലൂടെ ഓഗസ്റ്റില്‍ മാത്രം കോഴിക്കോട് ജില്ലയില്‍ നടന്നത് 1.10 കോടി രൂപയുടെ കച്ചവടമാണ്. ‘നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കി പരിശുദ്ധമായ നാട്ടുരുചികള്‍ വിപണിയിലെത്തിക്കുന്ന ഹോം ഷോപ്പുകള്‍ ഷോപ്പ് ഉടമകള്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് സ്റ്റാഫുകള്‍, മാനേജ്മെന്റ് ടീം തുടങ്ങി വിവിധ തട്ടുകളിലായി 1500-ല്‍ അധികം പേര്‍ക്കാണ് ഉപജീവന മാര്‍ഗം തീര്‍ക്കുന്നത്.

മൂന്ന് ഉല്‍പാദന യൂണിറ്റുകളും ഏഴ് ഉല്‍പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2010 ജൂലൈ 29-ന് കൊയിലാണ്ടിയില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇന്ന് നിര്‍മ്മിക്കുന്നത് 130-ല്‍ അധികം വ്യത്യസ്ത ഉല്‍പന്നങ്ങളാണ്. 60-ല്‍ അധികം ഉല്‍പാദന യൂണിറ്റുകളും പദ്ധതിയ്ക്കു കീഴിലുണ്ട്. 500 ഓളം വനിതകളാണ് വീടുകളില്‍ നേരിട്ട് ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. വിപണനത്തില്‍ കോഴിക്കോട് തീര്‍ത്ത വിജയമാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.

വീടുകളില്‍ വില്‍പന നടത്തുന്ന ഷോപ്പ് ഓണര്‍മാര്‍ക്ക് ‘ശ്രീനിധി’ എന്ന പേരില്‍ സമ്പാദ്യപദ്ധതിയും നടത്തിവരുന്നു. മാസവരുമാനത്തിനു പുറമെ അംഗങ്ങളുടെ പേരില്‍ നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കുന്ന പദ്ധതി വനിതകള്‍ക്ക് നല്‍കുന്ന സാമ്പത്തിക ഭദ്രത ചെറുതല്ല. ഒപ്പം, ആരോഗ്യസുരക്ഷ പദ്ധതിയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ഷോപ്പ് ഓണര്‍മാരുടെ ജീവിതം സുരക്ഷിതമാക്കാനുദ്ദേശിച്ച് നടത്തിവരുന്നു. ഒമ്പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി നല്‍കി വരുന്നു.

അംഗങ്ങളുടെ സാമൂഹ്യ ക്ഷേമവും ജീവിതസുരക്ഷയും ഉറപ്പാക്കി വനിതകളെ സാമ്പത്തിക, സാമൂഹിക സ്വതന്ത്ര്യത്തിലേക്കെത്തിക്കുന്ന പദ്ധതി സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ദേശീയഅവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ രംഗത്ത് പദ്ധതി മുന്നോട്ടുവയ്ക്കുന്ന വിജയ മാതൃക പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പഠനസംഘവും എത്താറുണ്ട്. നോര്‍വേ ഓസ്ലെ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സര്‍വകലാശാലകള്‍, പാറ്റ്നയിലെ ഡെവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍, മധ്യപ്രദേശ് ഭാരത് ഗ്യാന്‍ വിജ്ഞാന്‍ സമിതി പ്രവര്‍ത്തകര്‍, പുണെ പഠനസംഘം, ഗുഡല്ലുര്‍ ജസ്റ്റ് ചെയ്ഞ്ച് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പഠനസംഘങ്ങള്‍ മാതൃക പഠനവിഷയമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *