മുംബൈ: പുതിയ ഒരു ബൈക്ക് കൂടി സ്വന്തമാക്കി തന്റെ ബൈക്ക് പ്രേമം വീണ്ടും തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംങ് ധോണി. ഇത്തവണ അദ്ദേഹം സ്വന്തമാക്കിയത് ഐതിഹാസിക മോട്ടോർ സൈക്കിൾ നിർമാതാക്കളായ ജാവയുടെ 42 ബോബർ പതിപ്പാണ്. റെഗുലർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി കസ്റ്റമൈസ് ചെയ്തുള്ള ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. ജാവ 42 ബോബർ ബൈക്കിന് 2.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ, ധോണിയുടെ ബൈക്കിന്റെ വില ലഭ്യമായിട്ടില്ല. ബോട്ടിൽ ഗ്രീൻ നിറം നൽകിയാണ് അദ്ദേഹത്തിന്റെ ജാവ 42 ബോബർ അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം പെട്രോൾ ടാങ്ക്, സൈഡ് പാനലുകൾ, മുന്നിലേയും പിന്നിലേയും മഡ്ഗാർഡ് എന്നിവയിൽ ഉടനീളം ഗോൾഡൻ പിൻസ്ട്രിപ്പും നൽകിയിട്ടുണ്ട്. ഹാൻഡിൽ ബാറിന്റെ വശങ്ങളിലായി ഗോൾഡൻ ഫിനീഷിങ്ങിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. സിംഗിൾ സീറ്റുമായി എത്തുന്ന ഈ മോട്ടോർസൈക്കിളിൽ കസ്റ്റമൈസ് ചെയ്ത സീറ്റാണ് നൽകിയിട്ടുള്ളത്. ഹെഡ്‌ലൈറ്റിലും കസ്റ്റമൈസേഷൻ വരുത്തിയിട്ടുണ്ടെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. മെക്കാനിക്കലായോ ഫീച്ചറുകളിലോ വലിപ്പത്തിലോ മാറ്റങ്ങൾ വരുത്താതെയാണ് ഈ വാഹനത്തിൽ അഴിച്ചുപണികൾ വരുത്തിയിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ ഡിസൈൻ സ്‌പോർട്ടിയാക്കുന്നതിനുള്ള ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതും ചിത്രങ്ങളിൽ കാണാം. മുന്നിൽ 18 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി സിംഗിൾ ചാനൽ എ.ബി.എസിനൊപ്പം മുന്നിൽ 280 എം.എം. വലിപ്പവും പിന്നിൽ 240 എം.എം. വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്കാണ് നൽകിയിട്ടുള്ളത്. വിന്റേജ് ബൈക്ക്, സ്‌പോർട്‌സ് ബൈക്ക്, ക്രൂയിസർ ബൈക്ക് തുടങ്ങി എല്ലാ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളും ധോണിയുടെ ഗ്യാരേജിലുണ്ട്. അതിലേക്ക് ദീപാവലിക്ക് മുന്നോടിയായി ജാവ കൂടി ചേർത്തിരിക്കുകയാണ് ധോണി.

Leave a Reply

Your email address will not be published. Required fields are marked *