ബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. കേസിലെ മൂന്നാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ശേഷം വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.

ഇതിനിടെ, ദേവസ്വം സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) തുടങ്ങി കഴിഞ്ഞു. കേസിൽ രണ്ടാം തവണയും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ മുരാരി ബാബുവിനെയും ഡി. സുധീഷ് കുമാറിനെയും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്തേക്കും.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബർ 12 ലേക്കാണ് മാറ്റിവെച്ചത്. ഡി. സുധീഷ് കുമാറിനെ നവംബർ 12 വരെയാണ് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ റാന്നി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2019-ൽ സ്വർണ്ണ പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ബൈജു ആയിരുന്നു തിരുവാഭരണം കമ്മീഷണർ. കേസിലെ ഏഴാം പ്രതിയാണ് ഇദ്ദേഹം. കെ.എസ്. ബൈജു കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. അന്വേഷണത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *