ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിച്ച് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണ്ണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നത് വരെ കോൺഗ്രസ് സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടികളിൽ ചെറിയ ഇടവേളയുണ്ടായതെന്നും രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധങ്ങൾ ശക്തമായി നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 1-ന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയുള്ള ഈ പോരാട്ടം വഴിയിൽ ഉപേക്ഷിക്കില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് സാധാരണക്കാരുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പല സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകൾ സാധാരണക്കാരെ ദുരിതത്തിലാക്കും. ഇതിനെതിരെ വരും മാസങ്ങളിൽ പഞ്ചായത്ത് തലത്തിൽ രാജ്യവ്യാപകമായി ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
