ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച (നവംബർ 8) പുലർച്ചെ 1.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. ഷിസുവോക്ക പ്രവിശ്യയിൽ ഭൂഗർഭത്തിൽ 40 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഐച്ചി, ഹമാമാത്സു, ക്യോട്ടോ, നാര, യമനാഷി തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രകമ്പനമുണ്ടായി. ചിലയിടങ്ങളിൽ ജനൽച്ചില്ലുകൾ തകരുകയും പുസ്തകശാലകളിൽ ഷെൽഫുകളിൽ നിന്ന് പുസ്തകങ്ങൾ നിലത്തുവീഴുകയും ചെയ്തു. കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടയിലാണ് പലർക്കും പരുക്കേറ്റത്.
വരും ദിവസങ്ങളിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പ്രത്യേകിച്ച് അടുത്ത 2 മുതൽ 3 ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും തലസ്ഥാനമായ ടോക്കിയോയെ ഭൂചലനം ബാധിച്ചിട്ടില്ല.
