വഖഫ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത.സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറത്ത് പറഞ്ഞു. ”സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്”. എന്നാൽ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടേത് മാന്യമായ പ്രതികരണമായിരുന്നെന്നും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.ലീഗുമായി അകലമുണ്ടോ എന്ന ചോദ്യത്തിന്, ഒരു പാര്‍ട്ടിയുമായും അകലമില്ല എന്നും അദ്ദേഹം മറുപടി നൽകി.
‘ആദ്യം തന്നെ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വെച്ചതാണ്. ഞങ്ങള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീര്‍ക്കണം എന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ആദ്യമേ സമരം ചെയ്തിട്ടില്ല. സമസ്തക്ക് സമരം എന്നൊരു സംഗതിയില്ല. പിന്നെ പ്രതിഷേധമാണ്. സമസ്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് നിയമനത്തില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമസ്ത നേതാക്കള്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ആരംഭിച്ചു. ചേളാരിയിലാണ് ഏകോപന സമിതിയോഗം നടക്കുന്നത്. നിയമനം തത്ക്കാലം പി എസ് സിക്ക് വിടില്ലെന്ന നിലപാട് ഭാഗിക വിജയമെന്നാണ് സമസ്ത വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *