കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്കി. അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു.
ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാന്‍ ഭര്‍തൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മാനസികമായും ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന് ഷെബിന പലതവണ പറഞ്ഞിട്ടും കുടുംബാംഗങ്ങള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും, ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു വന്നതോടെയാകാം യുവതി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.
