തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് വീണ് ഇടുപ്പെല്ലിന് പരിക്ക്. സ്വന്തം നാടായ മേദക്കിലെ എർറ വല്ലിയിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് ശുചിമുറിയിൽ വീണ് കെസിആറിന് പരിക്കേറ്റത്. അർദ്ധരാത്രി തന്നെ കെസിആറിനെ ഹൈദരാബാദിലെ സോമാജിഗുഡയിലുള്ള യശോദ ആശുപത്രിയിൽ എത്തിച്ചു. ഇടുപ്പെല്ലിന്‍റെ ഇടത് ഭാഗത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും, ഈ ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. നിലവിൽ കെസിആറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം പരിപൂർണ വിശ്രമം ആവശ്യമാണന്നും ഡോക്ടർമാർ അറിയിച്ചു. മക്കളായ കെടി രാമറാവുവും കെ കവിതയും ആശുപത്രിയിലുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം മേദകിലെ വീട്ടിലായിരുന്ന റാവു തുടർച്ചയായി രണ്ട് ദിവസം ജനങ്ങളെ കാണുകയും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *