വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി തൃശൂർ എംപി. സുരേഷ് ഗോപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആരോപിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില എം.പി.യുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടന്നതെന്ന് അവർ കൂട്ടിച്ചേർത്തു. നവംബർ ആറിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പ്രധാന കെട്ടിടം, സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ എട്ട് കോടി രൂപയും നബാർഡ് പദ്ധതിയിൽ 12 കോടിയും ഉൾപ്പെടെ ആകെ 20 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. ബേസ്മെന്റ് ഫ്ലോറും ഗ്രൗണ്ട് ഫ്ലോറും അടക്കം ആറ് നിലകളാണ് കെട്ടിടത്തിലുള്ളത്. ഇതിനായി ഒരു രൂപപോലും സുരേഷ് ഗോപി എം.പി. അനുവദിച്ചിട്ടില്ലെന്നും, അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് തന്നെ ഒന്നാം ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ട നിർമ്മാണം 2023 ജനുവരി 13-ന് ആരംഭിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2025 നവംബർ 6-ന് ഉദ്ഘാടന പരിപാടി നിശ്ചയിച്ചതിന് ശേഷമാണ്, ഒക്ടോബർ 20 രേഖപ്പെടുത്തിയ ഒരു കത്ത് ആശുപത്രി അധികൃതർക്ക് ലഭിച്ചത്. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിനെക്കുറിച്ചായിരുന്നു കത്ത്. എന്നാൽ, അത്തരമൊരു കത്ത് ലഭിച്ചു എന്നതല്ലാതെ യാതൊരുവിധ തുടർനടപടികളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി സ്വന്തം പേരിൽ പറഞ്ഞുനടക്കുന്ന മറ്റ് പദ്ധതികളെപ്പോലെ ഇതിന്റെയും നിർമ്മാണം ഒരിഞ്ചുപോലും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. ഇത്തരം വ്യാജ പ്രസ്താവനകൾ കേന്ദ്രമന്ത്രി എന്ന പദവിക്ക് ചേർന്നതല്ലെന്നും, നുണപ്രചാരണങ്ങൾ നടത്തുന്നവർക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ നവീകരിച്ച പുതിയ കെട്ടിടത്തിൽ ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഒന്നു മുതൽ നാല് വരെയുള്ള നിലകൾ എന്നിങ്ങനെ ആകെ ആറ് നിലകളാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു. ബേസ്‌മെന്റ് ഫ്ലോറിൽ അത്യാഹിത വിഭാഗവും, ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി., ഫാർമസി, ലബോറട്ടറി വിഭാഗങ്ങളും, ഒന്നാം നിലയിൽ വാർഡുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് രണ്ടാം നിലയിലും, ഐ.സി.യു. അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ജനറൽ ആശുപത്രി എന്ന നിലയിൽ കാർഡിയോളജി, ന്യൂറോളജി പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കുള്ള സൗകര്യങ്ങൾ കൂടി പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെയുള്ള മികച്ച സിവിൽ ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളോടെയാണ് കെട്ടിടം ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്, മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *