പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴിയെടുത്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേരളത്തിന് പുറത്തുനിന്ന് അതിജീവിതയുടെ നിർണായക മൊഴി രേഖപ്പെടുത്തിയത്.

വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ താനുമായി ബന്ധം സ്ഥാപിച്ചതെന്ന് അതിജീവിത മൊഴിയിൽ പറയുന്നു. സംസാരിക്കാനെന്ന് പറഞ്ഞ് ഒരു ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. “I want to rape you” എന്ന് ആക്രോശിച്ചുകൊണ്ട് ശരീരമാകെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ലൈംഗികാതിക്രമം നടത്തിയെന്നും അതിജീവിത മൊഴി നൽകി. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും രാഹുൽ അതിക്രമം തുടർന്നു. അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചതോടെ മാനസികമായും ശാരീരികമായും തകർന്നുപോയെന്നും അതിജീവിത വ്യക്തമാക്കി.

സംഭവത്തിന് ശേഷം വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ തൻ്റെ പിന്നാലെ നടന്നു. ഫോൺ എടുക്കാതിരുന്നാൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും വീടിൻ്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്. “നമുക്ക് ഒരു കുഞ്ഞ് വേണം” എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും, കേസുമായി മുന്നോട്ടുപോകാൻ ഭയമുണ്ടെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറിലാണ് ഈ മൊഴി കോടതിയിൽ സമർപ്പിച്ചത്.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഈ കേസിൽ തുടർനടപടികൾ സ്വീകരിക്കുക. അറസ്റ്റ് ചെയ്തില്ലെങ്കിലും രാഹുലിൻ്റെ നിരീക്ഷണം ഉറപ്പാക്കാനാണ് എസ്ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *