യുഎഇയില്‍ 2023 നവംബർ 24 ന് നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ 140 ഭാഷകളില്‍ പാട്ടുപാടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മലയാളിയും കണ്ണൂര്‍ സ്വദേശിനിയുമായ സുചേത സതീഷ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള എന്‍റെ കച്ചേരിക്കൊപ്പം 9 മണിക്കൂർ കൊണ്ടാണ് സുചേത 140 ഭാഷകളിൽ പാടി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. എല്ലാവരുടെയും ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് തന്‍റെ പുതിയ റെക്കോര്‍ഡിനെ കുറിച്ച് സുചേത സതീഷ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പെഴുതി. കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പരിപാടി നടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ താന്‍ നിലവില്‍ 150 ഓളം ഭാഷകളില്‍ പാടാറുണ്ടെന്ന് സുചേത പറയുന്നു. ഗിന്നസ് റിക്കോര്‍ഡ് നേട്ടത്തിനായി ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും സുചേത പാട്ടുകള്‍ പാടിയിരുന്നു. നേരത്തെ ഏഴ് മണിക്കൂറ് കൊണ്ട് 120 ഭാഷകളില്‍ പാട്ടു പാടി നേരത്തെ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായത്. 2018 ലാണ് സുചേത ആദ്യമായി പാട്ടു പാടി റെക്കോര്‍ഡ് സ്ഥാപിച്ചത്. കാലാവസ്ഥാ ഉച്ചകോടിക്ക് ക്ഷണിക്കപ്പെട്ട 140 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാരെ പ്രതിനിധീകരിച്ചായിരുന്നു സുചേത 140 ഭാഷകളില്‍ നിന്നുള്ള പാട്ടുകള്‍ പാടിയത്.വ്യത്യസ്തമായ ഭാഷകളില്‍ പാടുന്നതിലൂടെ കാലാവസ്ഥാ വ്യാതിയാനത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നും സുചേത പറയുന്നു. അക്ഷരമാല ക്രമത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ പരിപാടി രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ഹിന്ദിയില്‍ ദേശഭക്തി ഗാനം പാടിയാണ് സുചേത തന്‍റെ ഗിന്നസ് റെക്കോര്‍ഡ് പരിപാടി അവസാനിപ്പിച്ചത്. 16 മത്തെ വയസ് മുതലാണ് സുചേത ബഹുഭാഷ ഗാനങ്ങള്‍ ആലപിച്ച് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *