ബെംഗളൂരു: നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. സുചന സേത്ത് എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് സുചനയെ പിടികൂടുമ്പോള്‍ ബാഗില്‍ മകന്റെ മൃതദേഹമുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് സുചന. ബെംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സിഇഒ ആണ് യുവതി.

ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. സുചന പോയ ശേഷംമുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ വിളിച്ച്. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സുചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കി. എന്നാല്‍ ഈ വിലാസം വ്യാജമായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ വ്യക്തമായി.
ഇതോടെ പൊലീസ് സുചന സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്‌സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ചു.പൊലീസ് പരിശോധിച്ചപ്പോള്‍ സുചനയുടെ ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് സുചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് മലയാളിയാണെന്നാണ് നോര്‍ത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *