കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്ന കണക്കുകൂട്ടലിൽ പൊലീസ്. മോഷണക്കേസിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വഴിത്തിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പൊലീസിൽ സംശയം ജനിപ്പിച്ചു. ഈ വീട്ടിൽ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും മൊഴി നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിൻറെ ഭാഗമണെന്നും സംശയമുണ്ട്. പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പീരുമേട് സംബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം വീടിനുള്ളിൽ കുഴിച്ച് പരിശോധിക്കാനാണ് പൊലീസിൻറെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *