ഹൃദയാഘാതത്തെ തുടർന്ന് സുപ്രീകോടതി മുൻ ജഡ്ജി ജസ്​റ്റിസ് വി രാമസ്വാമി(96 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയായിരുന്നു അദ്ദേഹം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്​റ്റിസായിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടർന്നാണ് ജസ്​റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.1993ൽ രാമസ്വാമിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അന്വേഷിച്ച സുപ്രീംകോടതിയിലെ ജസ്​റ്റിസ് പഞ്ചാബ് സാവന്ത് അദ്ധ്യക്ഷനായ കമ്മി​റ്റി, 14 കു​റ്റങ്ങളിൽ 11 എണ്ണത്തിലും ജസ്​റ്റിസ് രാമസ്വാമി കു​റ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ അക്കാലത്തെ ഭരണകക്ഷിയായ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് പ്രമേയം പരാജയപ്പെട്ടു. 1994ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. അഞ്ച് വർഷത്തിനുശേഷം 1999ൽ ശിവകാശി നിയോജക മണ്ഡലത്തിൽ ജസ്​റ്റിസ് രാമസ്വാമി എഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1929 ഫെബ്രുവരി 15നാണ് അദ്ദേഹം ജനിച്ചത്. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലെ ഹിന്ദു ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. പിന്നീട് മധുരയിലെ അമേരിക്കൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മദ്രാസ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടി. 1953 ജൂലൈ 13ന് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്യപ്പെട്ടു. 1962ൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും 1969ൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 1971ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1987ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 1989ൽ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നേടി. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. അവരിൽ ഒരാൾ അഭിഭാഷകനാണ്.

Leave a Reply

Your email address will not be published. Required fields are marked *