ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വിൽപന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽനിന്ന് കേസ് ഷീറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‍കാരം ചൊവ്വ പകൽ 11ന് പാമ്പാടി ഐവർമഠം ശ്‍മശാനത്തിൽ. സഹോദരൻ: ജിഷ്‍ണു (കോയമ്പത്തൂർ ധനലക്ഷ്‍മി കോളേജ് വിദ്യാർഥി).

Leave a Reply

Your email address will not be published. Required fields are marked *