കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്. മലയാളി ആക്ടിവിസ്റ്റ് വി. ഷാജു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പൊലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയത്.

2006ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായതിനു പിന്നാലെയാണ് ചിത്രത്തില്‍ പറഞ്ഞ യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. ഇവര്‍ക്ക് സഹായത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് വിട്ടു നല്‍കിയത്.സുഹൃത്തിനെ രക്ഷിക്കാന്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതും മര്‍ദിക്കുന്നതും സിനിമയില്‍ കാണിച്ചിരുന്നു.സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ അനുഭവം ദാരുണമാണെന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *