ഒരു പിതാവിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മകന് ഫുള്‍ എ പ്ലസ് ഇല്ലെങ്കിലും അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് പറയുന്ന ഒരച്ഛന്റെ കുറിപ്പ് വൈറലാവുന്നു. എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് ആണ് ആ അച്ഛന്‍. അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിനും പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാര്‍ക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നു എന്നാണ് മകനെക്കുറിച്ച് ഈ അച്ഛന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഫുള്‍ എ പ്ലസ് ഒന്നുമില്ല.

രണ്ട് എ പ്ലസ് ,

ബാക്കി എ യും ,

ബി യും .

ഞാനെന്റെ മകനെ അഭിമാനത്തോടെ ചേര്‍ത്തു പിടിക്കുന്നു.

അന്നത്തില്‍

ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിന് ,

ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികള്‍ക്കും കാക്കകള്‍ക്കും വെള്ളം കൊടുക്കുന്നതിന് ,

സ്വന്തം വസ്ത്രങ്ങള്‍ അലക്കുകയും ,കഴിച്ച പാത്രങ്ങള്‍ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും

മുറ്റമടിക്കുകയും ചെയ്യുന്നതിന് .

ഞാന്‍ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയില്‍ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാര്‍ക്ക്

ഒരോഹരി കൊടുക്കുന്നതിന് ,

ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,

നന്നായിട്ട് പന്തു കളിക്കുന്നതിന് ,

ഈ ഭൂമിയില്‍ എന്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്‌നേഹത്തോടെ ഞാനവന്റെ നെറുകയില്‍ ഉമ്മ വെയ്ക്കുന്നു.

ജീവിതത്തിലെ യഥാര്‍ത്ഥ പരീക്ഷകള്‍ വരാനിരിക്കുന്നതേയുള്ളൂ ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.

ഒപ്പം ഫുള്‍ എ പ്ലസ് നേടിയ അവന്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.

ഒത്തിരി സ്‌നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ

മുഹമ്മദ് ഹാഷിമിന്റെ

ഉപ്പ ,

അബ്ബാസ്.

Leave a Reply

Your email address will not be published. Required fields are marked *