ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്‍റ് കെ.സുധാകരന്‍. ഗ്രൂപ്പിന്റെ താല്‍പര്യം മാറ്റിവച്ച് പോകുന്നതാണ് കോണ്‍ഗ്രസിന് ഉചിതം. ഉമ്മന്‍ചാണ്ടി ഓള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് പോലും പ്രതിപക്ഷ നേതാവോ, മുല്ലപ്പള്ളിയോ ഇതുവരേയും അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ എന്തെങ്കിലും ചെയ്തിട്ടുണോയെന്നും അതേ സ്റ്റൈല്‍ തന്നെ തുടരുമെന്നും സുധാകരന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം. വെല്ലുവിളി നിറഞ്ഞ ചുമതയാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും ഗ്രൂപ്പ് മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കെ സുധാകരന്റെ പ്രതികരണം-
‘വലിയ വെല്ലുവിളിയാണ്. അത് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നു. കാരണം അതിനൊക്കെ പരിഹാരം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും കോണ്‍ഗ്രസിനകത്തുണ്ട്. കോണ്‍ഗ്രസിനകത്ത് അഭിപ്രായവ്യത്യാസം ഇന്ന് തുടങ്ങിയതല്ല. ഗ്രൂപ്പ് നേതാക്കളുടെ കണ്‍ട്രോളിലാണ് അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പലവട്ടം ഉടലെടുത്തത്. അതെല്ലാം തീര്‍ത്ത് ഒറ്റകെട്ടായി പോയ ചരിത്രമാണ് പാര്‍ട്ടിയുടേത്. രമ്യമായി പരിഹരിച്ച് ഐക്യത്തോടെ പോയതിന്റെ ആത്മവിശ്വാസം ഉണ്ട്.
പ്രസിഡണ്ടായി തെരഞ്ഞെടുത്ത ശേഷം എല്ലാവരില്ലും നല്ല പ്രോത്സാഹനം കിട്ടിയിട്ടുണ്ട്. എല്ലാ മുതിര്‍ന്ന നേതാക്കളേയും വിളിച്ചു. ആരും മുഖം കറുപ്പിച്ചൊരു കാര്യം പറഞ്ഞിട്ടില്ല. അത് ആത്മവിശ്വാസം പകരുന്നതാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അതൊരു നല്ലസ്വരത്തിലാണ് സംസാരിച്ചത്. ഉമ്മന്‍ചാണ്ടി ആദ്യം സംസാരിച്ചു, രമേശ് ചെന്നിത്തലയോട് പിന്നീട്. ഇന്നവരെ നേരില്‍ കാണും. അവരോട് അഭിപ്രായം ചോദിച്ച ശേഷം മാത്രമെ തീരുമാനിക്കൂ. അതിലൊരു സംശയവും വേണ്ട.
ഉമ്മന്‍ചാണ്ടി ഓള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എല്ലാം പരസ്പരം ആലോചിച്ചാണ് എടുത്തത്. അതേ സ്റ്റൈല്‍ തുടരും. ഗ്രൂപ്പ് മാറ്റിവെക്കുന്നതാണ് ഉചിതം.’ കെ സുധാകരന്‍ പ്രതികരിച്ചു.