കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും, സംഘർഷവുമുണ്ടായത്. സർവകലാശാലയുടെ വിജ്ഞാപനത്തിൽ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേർക്ക് പ്രവേശനം നൽകിയത്.

അതേസമയം വ്യാജരേഖ കേസിലെ പ്രതി വിദ്യ കാലടി സർവകലാശാലയിൽ ചട്ടം മറികടന്ന് പ്രവേശനം നേടിയതിൽ കാലടി സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനായി സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യൂണിവേഴ്സിറ്റി വിസി ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *