
കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. 2019ലും കൊവിഡ് വ്യാപന സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് പിൻവലിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയിട്ടുള്ളത്. ഇതിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. കൊവിഡ്, ഇൻഫ്ളുവെൻസ രോഗലക്ഷണങ്ങൾ അപകടകരമാണോ എന്ന് ശ്രദ്ധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 6,133 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറ് മരണവുമുണ്ടായി. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.
നിലവിൽ 1950 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രായമേറിയവരും ജാഗ്രത പുലർത്തണം