ഗോവ മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി മാപ്പ് ചോദിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ക്ഷോഭിച്ചതാണ്. ഡോക്ടര്‍മാരുടെ സമൂഹത്തെ താന്‍ മാനിക്കുന്നുവെന്നും ഡോക്ടര്‍ക്ക് വേദന ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.
ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി.
അതേസമയം, മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് ഗോവ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷന്‍ അമിത് പാട്കര്‍ പറഞ്ഞിരുന്നു.