തിരുവനന്തപുരം: പുറംകടലിൽ കപ്പൽ തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 650 കണ്ടെയ്‌നറുകളുമായി പുറപ്പെട്ട ചരക്കു കപ്പലിനാണ് തീപിടിച്ചത്. 20 കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് ലഭിക്കുന്ന വിവരം. എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളതെന്ന് വ്യക്തമാക്കുന്നു. വിഷാംശമുള്ള വസ്തുക്കളും കപ്പലിൽ ഉള്ളതായി പറയുന്നു.

22 ജീവനക്കാരുമായി കൊളംബിയയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 എന്ന കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ കടലിൽ നിന്നും 144 കിലോമീറ്റർ ദൂരെയാണ് കപ്പലിന് തീപിടിച്ചത്. കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കപ്പലിൽ തുടരുന്ന 4 പേരെ രക്ഷപ്പെടുത്താനുള്ള നീക്കം തുടരുകയാണ്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്

കേരളതീരത്ത് ആഘാതമുണ്ടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ മുന്നറിയിപ്പുകളൊന്നുമില്ല. കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകൾ, മൂന്ന് ഡോണിയർ വിമാനങ്ങൾ തുടങ്ങിയവ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഐഎൻഎസ് ഗരുഡയും ഐഎൻഎസ് സൂറത്തും ഓപ്പറേഷനിലുണ്ട്. ചൈന, മ്യാൻമർ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിൽ എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *