ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘം. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. കൊല്ലപ്പെട്ട പടിഞ്ഞാറന്‍ നഗരമായ നാരയിലേക്ക് എത്തുമ്പോള്‍ ആബെയ്ക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക ദൗത്യസംഘത്തിന്റെ(ടാസ്‌ക് ഫോഴ്സ്) അന്വേഷണപരിധിയില്‍ വരും.

കൊലപാതകിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. നേരത്തേ കൊലപാതകിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം ദൗത്യസംഘത്തിലുണ്ട്.

ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ടോക്യോവിലെ വസതിയിലേക്ക് മാറ്റി. കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിച്ചു. ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്‌കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ ടോക്യോവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *