വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധ നേടുന്ന രൂപത്തിലേക്ക് എത്തിയതായി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി വിഴിഞ്ഞം മാറുന്ന അഭിമാനകരമായ മുഹൂ‍ർത്തത്തിലേക്ക് കടക്കുകയാണ്. തുറമുഖത്തിൻ്റെ ട്രയൽ റൺ ജൂലൈ 12ന് രാവിലെ 10 മണിക്ക് മദർഷിപ്പിന് സ്വീകരണം നൽകി നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിഴിഞ്ഞത്തേക്ക് എത്തുന്ന ആദ്യ മദ‍ർഷിപ്പായ സാൻ ഫെർണാൺഡോ ചൈനയിലെ സിയാമിനിൽനിന്ന് പുറപ്പെട്ടു. കപ്പലിൽ 2000 കണ്ടെയ്നറാണ് ഉള്ളത്. 400 മീറ്റർ നീളമുള്ള ഒരു ഭീമൻ കപ്പൽ കൂടി വിഴിഞ്ഞത്തേക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിൻ്റെ പശ്ചാത്തല സൗകര്യങ്ങളായ 3000 മീറ്റർ ബ്രേക്ക് വാട്ടറിൻ്റെയും 800 മീറ്റർ കണ്ടെയ്നർ‌ ബെർത്തിൻ്റെയും നിർമാണം പൂർത്തിയായി. ചൈനയിൽ നിന്നുള്ള 32ൽ 31 ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിച്ചു. 1.7 കിലോമീറ്റർ അപ്രോച്ച് റോഡ് നിർമാണം അവസാനഘട്ടത്തിലെത്തി. ഓഫീസ് കെട്ടിട സമുച്ചയം നേരത്തെ ഉദ്ഘാടനം ചെയ്തു. 33 കെവി സബ് സ്റ്റേഷനും 220 കെവി സ്റ്റേഷനും നേരത്തെ സജ്ജമായിരുന്നു. സെക്യൂരിറ്റി ഗാ‍ർഡ് ഓഫീസ് സജ്ജമായതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *