കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി. കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാദം പൂർത്തിയാക്കിയത്. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്നും കേസിന്റെ ഗൗരവം ഒട്ടും കുറച്ചുകാണാനാകില്ലെന്നും ഇരയായ നടിയും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി വാദിച്ചു.
തനിക്കെതിരെ നടന്നത് അങ്ങേയറ്റം ഹീനവും ക്രൂരവുമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി വ്യക്തമായി കണ്ടെത്തിയിട്ടുള്ളതാണെന്നും നടി കോടതിയെ ബോധിപ്പിച്ചു. ഈ ഘട്ടത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കുറ്റകൃത്യത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് യാതൊരു കാരണവശാലും ഇളവ് നൽകരുതെന്ന് സർക്കാരും കോടതിയിൽ കർശന നിലപാടാണെടുത്തത്. ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നും ഒരു കൊടും ക്രിമിനലാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴ ചുമത്തിയിട്ടുള്ള കാര്യം സർക്കാർ കോടതിയെ ഓർമ്മിപ്പിച്ചു. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ വീണ്ടും പ്രതിയായ ചരിത്രമുണ്ടെന്നും, അതിനാൽ ഇത്തരമൊരു ക്രിമിനലിന് യാതൊരു പരിഗണനയും നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ രേഖപ്പെടുത്തിയ കോടതി, ഹർജിയിൽ ഇടക്കാല ഉത്തരവ് പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
