ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ്സിന്റെ ഏറ്റവും പുതിയ ഏഴാം തലമുറ മോഡലിനെ ജൂണിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയുന്ന വാഹനമായതുകൊണ്ട് വില അൽപം കൂടുതലായിരുന്നു. ഏറ്റവും പ്രീമിയം പതിപ്പായ എഎംജി ലൈൻ ട്രിം അടിസ്ഥാനമായ ലോഞ്ച് എഡിഷനിൽ മാത്രം ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ എസ്-ക്ലാസ്സിന്റെ ഡീസൽ പതിപ്പിന് 2.17 കോടിയും പെട്രോൾ പതിപ്പിന് 2.19 കോടിയുമായിരുന്നു എക്‌സ്-ഷോറൂം വില. എന്നാൽ, ഇന്ത്യയ്ക്കായി നീക്കിവച്ച 150 യൂണിറ്റുകളും കമ്പനി അധികം താമസമില്ലാതെ വിറ്റുതീർത്തിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ നിർമിത എസ്-ക്ലാസും വില്‍പ്പനയക്ക് എത്തിച്ചിരിക്കുകയാണ് മെഴ്‌സിഡസ്-ബെൻസ്.

മെയ്ഡ്-ഇൻ-ഇന്ത്യ മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് 60 ലക്ഷത്തോളം വില കുറച്ചാണ് വിപണിയില്‍ എത്തിരിക്കുന്നത്. ഇറക്കുമതി ചെയ്ത S 400d ഡീസൽ മോഡലിന് 2.17 കോടിയായിരുന്നു വില. എന്നാൽ ഇന്ത്യൻ നിർമ്മിത S 350d പതിപ്പിന് 1.57 കോടിയാണ് എക്‌സ്-ഷോറൂം വില. 2.19 കോടി വിലയുണ്ടായിരുന്ന S 450 പെട്രോൾ എഞ്ചിനുള്ള എസ്-ക്ലാസ്സിന്റെ വില 1.62 കോടിയായും കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

286 ബിഎച്ച്പി പവറും 600 എൻഎം ടോർക്കും നിർമ്മിക്കുന്ന OM656, ഇൻ-ലൈൻ 6-സിലിണ്ടർ, ഡീസൽ എൻജിനാണ് ഇന്ത്യൻ നിർമ്മിത മോഡലിന്‍റെ ഹൃദയം. എന്നാൽ, ലോഞ്ച് എഡിഷനിൽ 325 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും നിർമിക്കുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു നൽകിയിരുന്നത്.

ഇന്റീരിയറിൽ ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിന്റ് എന്നിവ സപ്പോർട്ട് ചെയ്യുന്ന മെഴ്‌സിഡസ് MBUX സിസ്റ്റം, 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, 64 കളർ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ് എന്നിവ മാറ്റമില്ലാതെ തുടരുന്നു. പ്രീമിയം ബർമസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റം പക്ഷെ ബർമസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റത്തലേക്ക് വഴിമാറിയിട്ടുണ്ട്. എഎംജി ലൈൻ ട്രിം ഘടകങ്ങൾ ഒഴിവാക്കിയാണ് ഇന്ത്യൻ നിർമിത മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് വില്പനക്കെത്തിയിരിക്കുന്നത്. ഇന്ത്യൻ നിർമിത എസ്-ക്ലാസ്സിന്റെ ഡീസൽ എൻജിനിലും മാറ്റങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *