വടക്കഞ്ചേരി ബസ് അപകടം; വിശദ റിപ്പോർ‌ട്ട് ഇന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത മന്ത്രിക്ക് കൈമാറും

0

തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഓ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്തുകൊണ്ട് 18 പേജുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്.

അപകടത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാൾ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മൊഴി നൽകിയിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റർ മുന്നെയാണ് കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കാൻ നിർത്തിയ ശേഷം വീണ്ടും യാത്ര തുടർന്നത്. അതുകൊണ്ട് വീണ്ടും ബസ് ബ്രേക്കിടേണ്ട ആവശ്യമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൻറെ പിന്നിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഒരു അധ്യാപകനും അഞ്ച് വിദ്യാർത്ഥികളും അടക്കം ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here