ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കേരളത്തിലെ കോൺഗ്രസ് കയ്യാളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.വയനാട്ടിൽ ഭക്ഷ്യ വിതരണം ചെയ്യുന്ന കുതന്ത്രത്തിലൂടെയും പാലക്കാട് ട്രോളി ബാഗിലൂടെയുള്ള കള്ളപ്പണത്തിലൂടെയും അത് പുറത്തുവന്നു.
മുനമ്പത്തും ന്യൂന പക്ഷങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് തന്ത്രങ്ങൾ മെനയുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബിജെപിയെ ഭയപ്പെട്ട് ലീഗിനെ കൊടി പിടിക്കാൻ അനുവദിക്കാതിരുന്ന കോൺഗ്രസ് ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ട് നിന്ന പാർട്ടിയാണെന്ന കാര്യം മുസ്ലിം സമൂഹം മറന്നിട്ടില്ല.ഇന്ത്യയിലാകമാനം ന്യൂന പക്ഷ അവകാശ സംരക്ഷണത്തിന് സമരം ചെയ്യുന്ന ഇടത് പക്ഷം കോൺഗ്രസിന്റെയും ബിജെപിയുടെയും വഞ്ചനകൾ തുറന്നു കാട്ടാറുണ്ട്.ബിജെപിയിൽ രക്ഷകരെ തേടുന്ന ന്യൂനപക്ഷ അധ്യക്ഷൻമാർ ആർഎസ്എസിന്റെ സൈദ്ധാന്തികനായ ഗോൾ വാൾക്കറുടെ ‘വിചാരധാര’ വായിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിൽ പറയുന്നത് രാഷ്ട്രത്തിന്റെ ഒന്നാമത്തെ ആഭ്യന്തര ശത്രുക്കൾ മുസ്ലിംകളും രണ്ടാമത് ക്രിസ്ത്യാനികളും മൂന്നാമത് കമ്മ്യൂണിസ്റ്റ്‌കാരും ആണെന്നാണ്. ഇത്തരം കാഴ്ചപ്പാടുകൾ വെച്ച് പുലർത്തുന്ന ബിജെപിയുമായി ചങ്ങാത്തം കൂടുന്ന കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.