കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിൽ ഒളിപ്പിച്ചത്. ഭക്ഷണപാക്കറ്റുകളിലും മിഠായി പാക്കറ്റുകളിലുമായിട്ടാണ് ഇയാൾ കഞ്ചാവ് കടത്തിയത്.സാധാരണ കഞ്ചാവിനേക്കാൾ ശക്തിയേറിയതും അപകടകരവുമായ ഒരു തരം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ‘തായ് ഗോൾഡ്’ എന്നാണ് ഇത് യുവാക്കൾക്കും കച്ചവടക്കാർക്കുമിടയിൽ അറിയപ്പെടുന്നത്. മാരക രാസവസ്തുക്കളിൽ ആറ് മാസത്തോളം കഞ്ചാവ് ഇട്ടു വെക്കുന്നു. തുടർന്ന് ഇത് ഉണക്കിയെടുത്തതിന് ശേഷം ഒരു ഗ്രാം വീതമുള്ള ഉരുളകളാക്കി വിൽക്കുന്നു. ഇതിന് മാർക്കറ്റിൽ ഒരു കോടിയോളം വില വരും.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. രാജ്യാന്തരവിപണിയിൽ വലിയ ഡിമാൻഡുള്ളതും വീര്യമേറിയതുമായ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

തായ്‌ലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് അടുത്തിടെ കൊച്ചിയിലേക്കും മലപ്പുറത്തേക്കുമായി നിരവധി ഹൈബ്രിഡ് കഞ്ചാവ് കടത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ കഞ്ചാവിനേക്കാൾ ലഹരിയും വിലയും കൂടുതലാണിതിന്. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് കൂടുതൽ എത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *