ഇടുക്കിയെ സംബന്ധിച്ച് അഡ്‌വൈസറി ബോർഡിന് പ്രത്യേക ഉപദേശം നല്കാനില്ലായെന്നും കാര്യക്ഷമമായി കാപ്പ നടപ്പാക്കുന്ന ജില്ല എന്നതിൽ അഡ്‌വൈസറി ബോർഡിന് അഭിമാനമുണ്ടെന്നും അഡ്‌വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ. അനിൽകുമാർ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കാപ്പ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലും സംസ്ഥാനത്തും കാപ്പനിയമം ഒരേപോലെ സത്യസന്ധമായി നടപ്പിലാക്കണം. അതിന് അനുയോജ്യമായ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, അതിലൂടെ പ്രഥമദൃഷ്ടിയാൽ കാപ്പക്ക് എന്തെല്ലാം ആവശ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സാധാരണ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നിരവധി വകുപ്പുകൾ ഉണ്ട്, കോടതി വിചാരണക്ക് വിധയമായ ഉത്തരവ് അനുസരിച്ചാണ് അത് നടപ്പിലാക്കുന്നത്. എന്നാൽ കാപ്പ നിയമം വിചാരണ കൂടാതെ ഒരാളെ തടവിൽ വെക്കുന്ന നിയമമാണ്. പോലീസിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും വളരെ സത്യസന്ധത ആവിശ്യമാണെന്നും സമൂഹിക വിപത്തുണ്ടാക്കുന്ന കാര്യങ്ങളിൽ കാപ്പ നിയമം നടപ്പിലാക്കണമെന്നും ചെയർമാൻ പറഞ്ഞു.
ജില്ലാ കളക്ടർ ഷീബ ജോർജ് ശിൽപ്പശാലയിൽ അധ്യക്ഷത വഹിച്ചു.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഥവാ കാപ്പ. അഡൈ്വസറി ബോർഡ് അംഗങ്ങളായ റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് വാസീം, പി. എൻ സുകുമാരൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. ക്ലാസ്സുകൾക്ക് ശേഷം പേലീസ് -വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചർച്ചകളും സംശയനിവാരണവും നടത്തി.
പരിപാടിയിൽ സബ് കളക്ടർമാരായ രാഹുൽകൃഷ്ണ ശർമ , അരുൺ എസ്. നായർ, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ലോ ഓഫീസർ പി. അനിൽകുമാർ തുടങ്ങി ജില്ലയിൽ നിന്നുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുത്തു.
