തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. 1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളില്‍ രണ്ടാമന്‍. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സില്‍ കൊച്ചിന്‍ നേവല്‍ ബേസിലെ സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അച്ഛന്‍ പഠിപ്പിച്ച ഗാന്ധികീര്‍ത്തനവുമായാണ്. പതിനൊന്നു വയസ്സില്‍ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.

മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തില്‍ യേശുദാസിന്റെ ആരാധന. സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തില്‍ ഒന്നാം സ്ഥാനം നേടിയ യേശുദാസിന്റെ സംഗീതപഠനം തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജിലായിരുന്നു.

1961 നവംബര്‍ 14-നാണ് കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായാണ് 21-കാരനായിരുന്ന യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്. പനി മൂലം പാടാന്‍ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പന്‍ ഗാനത്തിനു പകരം ശ്രീനാരായണഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം ചൊല്ലി സിനിമയില്‍ അരങ്ങേറ്റം. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമാലോകം യേശുദാസിന്റെ നാദവിസ്മയത്തിന് വേദിയാകുകയായിരുന്നു പിന്നീട്. പതിനൊന്ന് പാട്ടുകള്‍ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നു ഗായകന്.

Leave a Reply

Your email address will not be published. Required fields are marked *