
റാഗിംഗിനെ തുടർന്ന് ആത്മഹത്യ ചെയ്ത മിഹിറിന്റെ മരണത്തിന് പിന്നാലെ എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി നിരവധി മാതാപിതാക്കൾ രംഗത്ത് വന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിനെതിരെ കൂടുതൽ റാഗിങ് പരാതികൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. മിഹിറിന്റെ മരണത്തിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.മക്കൾക്ക് ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുടെ വക്കു വരെ എത്തിയ മകന്റെ പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.