
കാസര്‍കോട് പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 20 ദിവസത്തെ പഴക്കം. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.അതേസമയം, ആത്മഹത്യയ്ക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും അയല്‍വാസി പ്രദീപി (42)നെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.