ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കേസില്‍ ബോബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസിലാണ് ഇരുവരും കോടതി മുമ്പാകെ നിരുപാധികം മാപ്പ് പറഞ്ഞത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സുദ്ധീന്‍ അമാനുള്ള എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് രൂക്ഷമായ വിമര്‍ശനമാണ് പതഞ്ജലിക്കെതിരെ നടത്തിയത്. പതഞ്ജലി ഗ്രൂപ്പ് മനപ്പൂര്‍വം തുടര്‍ച്ചയായി നിയമലംഘനം നടത്തുകയാണെന്ന് കോടതി വിമര്‍ശിച്ചു.
മാപ്പപേക്ഷിച്ച് കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ മനപ്പൂര്‍വം നിയമലംഘനം നടത്തുകയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പതഞ്ജലി ഗ്രൂപ്പും അതിന്റെ എം.ഡിയായ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ബാബരാംദേവും മാപ്പപേക്ഷിച്ച് കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.