
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ഹൈക്കോടതിയിൽ. റിസർവ് ബാങ്കിന്‍റെ മാർഗനിർദേശങ്ങൾ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു.കേരള ബാങ്ക് മുഴുവൻ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിർദേശിച്ചാൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ വായ്പ എഴുതിത്തള്ളാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.