തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിതാവ് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി സിബിഐ എസ്പിക്ക് കൈമാറി.
ജെസ്‌നയുടെ പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം. ജെസ്‌നയുടെ കുടുംബം ഉന്നയിച്ച വസ്തുതകള്‍ കൂടി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്‌നയുടെ പിതാവ് ജയിംസ് വാദിച്ചത്.