വ്യാജരേഖ നിര്‍മിച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാള്‍ക്കായുള്ള അന്വേഷണം നടത്തിയത്. നജീബിനെ ഉടന്‍ കേരളത്തിലെത്തിക്കും.

ഈ അവയവകച്ചവടത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്ന് പൊലീസ് കണ്ടെത്തിയയാളാണ് നജീബ്. ഈ അറസ്റ്റോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകും. നജീബിന്റെ വിദേശയാത്രകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ അവയവദാതാക്കളെ കണ്ടിരുന്നത്. അവയവക്കച്ചവടം വഴി ഇയാള്‍ എത്ര രൂപ സമ്പാദിച്ചെന്ന് പൊലീസ് ഉടന്‍ കണ്ടെത്തും. മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ വിദേശയാത്ര നടത്തിയതിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. ലഭിച്ച വ്യാജരേഖകളുടെ സഹായത്തോടെ അവയവം ദാനം ചെയ്തവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായം തേടും.

കേസില്‍ മറ്റ് നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റഷീദയില്‍ നിന്ന് ഭര്‍ത്താവ് നജീബിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുന്നത്തുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നാലാം പ്രതിയും മറ്റൊരു കേസില്‍ മൂന്നാം പ്രതിയും ആണ് റഷീദ. എംഎല്‍എമാരുടെയും എംപിമാരുടെയും വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയും ഡോക്ടര്‍മാരുടെ ഒപ്പും സീലും പതിച്ചുള്ള സത്യവാങ്മൂലം തയ്യാറാക്കിയുമായിരുന്നു തട്ടിപ്പ്. വടക്കേക്കര പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *