തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ രൂക്ഷ ശാസന. ആക്രമണം തടയാൻ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും, വാഹനങ്ങൾക്ക് നേരെ മുട്ടയേറ് ഉണ്ടായപ്പോൾ നോക്കി നിന്നെന്നും കമ്മീഷണർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്ന് ചോദിച്ച കമ്മീഷണർ, സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു വിമർശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം.
അതിനിടെ, കേസ് അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്.എച്ച്.ഒ ആർ. പ്രശാന്ത് കമ്മീഷണർക്ക് കത്ത് നൽകി. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നുവെന്നും, അന്വേഷണം നിഷ്പക്ഷമായാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും, തൽക്കാലം ചുമതലയിൽ തുടരാനാണ് കമ്മീഷണർ നിർദ്ദേശിച്ചത്.
അതേസമയം, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെ ബുധനാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കിരൺ, അനിൽകുമാർ, ഷരീഫ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുക, ഗൂഢാലോചന പുറത്തുകൊണ്ടുവരിക, സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കൂടുതൽ പ്രതികളെ തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കസ്റ്റഡി അപേക്ഷ നൽകിയത്.
സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മെയ് 27-നായിരുന്നു പിണറായി വിജയന്റെ വസതിയിൽ അടക്കം ഇ.ഡി എട്ടു മണിക്കൂർ നീണ്ട മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിന് ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ സി.പി.ഐ.എം പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
