കൂട്ടിക്കൽ: വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ (47) പോലീസ് പിടിയിലായി. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പോലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു.
കോഴിക്കോട് ഒളിവിൽ കഴിയുകയായിരുന്ന അനീഷ് ഉമ്മറിനെ ചൊവ്വാഴ്ച രാത്രിയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുമെന്ന് മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.എസ്. സജീവ് കുമാർ പറഞ്ഞു.
മുണ്ടക്കയത്ത് മാത്രം ഇരുപതിലധികം ആളുകളാണ് അനീഷ് ഉമ്മറിനെതിരെ പരാതി നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
