തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നീട്ടിവെച്ചു. പുതുക്കിയ തീയതി പ്രകാരം ജൂലൈ 15-നായിരിക്കും പ്ലസ് വൺ ഫലം പ്രസിദ്ധീകരിക്കുകയെന്ന് അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് വൺ പരീക്ഷകൾ മുൻപ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഈ കേന്ദ്രങ്ങളിലെ പരീക്ഷകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കി, അവിടുത്തെ വിദ്യാർത്ഥികളുടെ ഫലം കൂടി ഉൾപ്പെടുത്തി ഒന്നിച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതിനാലാണ് ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടിയത്.
നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ 77.97% പേർ ഉപരിപഠനത്തിന് അർഹത നേടി. (മുൻ വർഷത്തേക്കാൾ 0.16% കൂടുതൽ). വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49% ആണ് വിജയം. ആകെ 1990 സ്കൂളുകളിലായി 3,72,423 പേർ പരീക്ഷ എഴുതിയതിൽ 2,90,398 പേർ വിജയിച്ചു. പരീക്ഷ എഴുതിയ ആൺകുട്ടികളിൽ 68.41% പേർ വിജയിച്ചപ്പോൾ, പെൺകുട്ടികളുടെ വിജയശതമാനം 86.89% ആണ്. സംസ്ഥാനത്താകെ 60 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും ലഭിച്ചു. ഇതിൽ 50 പേർ പെൺകുട്ടികളും 10 പേർ ആൺകുട്ടികളുമാണ്. 30,561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിജയശതമാനം ഇടുക്കി ജില്ലയിലാണ് (84.64%). ഏറ്റവും കുറവ് കാസർകോട് ജില്ലയിലും (71.72%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതും. ആകെ 76 സ്കൂളുകൾ 100% വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകളും ഉൾപ്പെടുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
