കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമ്പനി. എറണാകുളം കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.

തൊഴില്‍ പ്രശ്‌നത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതല്‍ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാവുമെന്ന് കമ്പനിയോട് അറിയിച്ചു.രേഖകള്‍ പരിശോധിച്ചതില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടിയെന്ന് ചോദിച്ചു. ഇന്റര്‍നാഷണല്‍ കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടുന്നുവെന്ന് തുടരെ ചോദിച്ചു. 20 ന് കമ്പനി അധികൃതര്‍ നേരിട്ടെത്താമെന്ന് അറിയിച്ചിട്ടുണ്ട്.ജീവനക്കാര്‍ അതുവരെ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടേത് ഇരട്ടത്താപ്പെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.

താത്കാലികമായി ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. ഇത് മൂലം തൊഴില്‍വകുപ്പ് നല്‍കിയ ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പുവെച്ച് ജീവനക്കാര്‍ തിരികെ പോവുകയാണ്. കൊച്ചിയിലും കോഴിക്കോടുമായി ആയിരത്തോളം ജീവനക്കാരാണ് കോറോ ഹെല്‍ത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *